മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ കഞ്ചാവ് പിടിച്ചു: ആറുപേർ അറസ്റ്റിൽ
മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ മലപ്പുറം പോലീസ് രണ്ട് വാഹനങ്ങളിൽനിന്നായി 10.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃശ്ശൂർ കൊടകര ചെമ്പുച്ചിറ അണലിപറമ്പിൽ എ.ആർ. വിഷ്ണു (29), കൊടകര ചെമ്പുച്ചിറ ഉമ്മലപറമ്പിൽ യു.എസ്. വിഷ്ണു (28), മുകുന്ദപുരം വരന്തരപ്പിള്ളി മാപ്രാണത്തുകാരൻ ബട്‌സൺ ആന്റണി (26), തൃശ്ശൂർ പുതുക്കാട് അളകപ്പനഗർ ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ സി.യു. വിഷ്ണു (27), മണ്ണാർക്കാട് ചെത്തല്ലൂർ ചോലമുഖത്ത് മുഹമ്മദ് സാലി (35), കണ്ണൂർ തളിപ്പറമ്പ് വെള്ളോറ കണ്ടക്കീൽ വീട്ടിൽ കെ. നൗഷാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ഭാഗത്തുനിന്ന് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്. കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആന്ധ്രയിൽ നിന്ന് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ വാങ്ങി കേരള-തമിഴ്‌നാട് അതിർത്തിയിൽ ആവശ്യക്കാർക്ക് മുപ്പതിനായിരം രൂപവരെ വില വാങ്ങിയാണ് ഇവർ വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആവശ്യക്കാർക്ക് കാറുകളിലും ചെറുചരക്കുലോറികളിലുമായി സാധനമെത്തിക്കുന്ന സംഘമാണ് പിടിയിലായത്.
മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. അമീറലി, എ.എസ്.ഐ. സിയാദ്, സി.പി. മുരളീധരൻ, സി.പി.ഒ.മാരായ ഹമീദ് അലി, സഹേഷ്, എം. മനോജ് കുമാർ, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.