വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ


പാലക്കാട്‌ നഗരത്തിലെ വീട്ടിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയ കേസിലാണ് വീട്ടിലെ ജോലിക്കാരായ ദമ്പതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് , ഭാര്യ കലമണി എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തി വിഹാറിൽ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണം, ഡയമണ്ട്  ആഭരണങ്ങളാണ് മോഷണം പോയിരുന്നത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരായ അമൽരാജിനെയും, കലമണിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി മുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ പൂജമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇരുവരും ജോലിക്ക് നിന്ന കാലം മുതൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി പൊലീസ് കണ്ടെത്തി. ശമ്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് ഇവർ മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മോഷണം നടത്തിയത്. മോഷണ മുതലിന്റെ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ വിൽപന നടത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ  കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ എം മഹേഷ്കുമാർ, രമ്യ കാർത്തികേയൻ, അഡീ.എസ്‌ഐമാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എഎസ്ഐ രതീഷ്, സീനിയർ സിപിഒമാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം സുനിൽ, സിപിഒമാരായ സജിന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്‌, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ രാജീദ്, എസ് ഷാനോസ്, ആർ വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.