തന്റെ ഒരു മാസത്തെ ഓണറേറിയം സ്‌കൂളിന് സംഭാവന നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി

കട്ടച്ചിറ : പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തന്റെ ഒരു മാസത്തെ മുഴുവൻ ഓണറേറിയവും സ്‌കൂൾ പി.ടി.എ. ഫണ്ടിലേക്ക് സംഭാവനയായി നൽകി പഞ്ചായത്ത് മെമ്പർ മാതൃകയായി. തലക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും മൂന്നാം വാർഡ് മെമ്പറുമായ ടി.കെ. അബ്ദുൽ ഹമീദാണ് കട്ടച്ചിറ പി.കെ.യു.എം.എൽ.പി സ്‌കൂളിന്റെ പി.ടി.എ ഫണ്ടിലേക്ക് സംഭാവന നൽകിയത്. നവമ്പർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്താൻ പി.ടി.എ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിൽ ഭാഗമാകാൻ ഞായറാഴ്ച മെമ്പർ സ്‌കൂളിൽ എത്തിയപ്പോഴാണ് സ്‌കൂളിന് അടിയന്തിരമായി വേണ്ട അടിസ്ഥാന സൗകര്യങ്ങളും, എയ്ഡഡ് സ്കൂളായതിനാൽ വിവിധ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും പി.ടി.എ ഭാരവാഹികൾ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പഞ്ചായത്ത് അംഗവുമായി പങ്ക് വെച്ചത്. ഇതേ തുടർന്ന് തന്റെ ഒരു മാസത്തെ ശമ്പളം പി.ടി.എ ഫണ്ടിലേക്ക് നൽകാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് പി.എം.ഫൈസൽ, പ്രധാനാധ്യാപിക എസ്.കെ. രാജി ടീച്ചർ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ അംഗങ്ങളായ മുഹമ്മദ് ഖൈസ്, എം.ഇബ്രാഹിം, ടീം വെൽഫെയർ സന്നദ്ധ പ്രവർത്തകരായ സനോബർ ഹമീദ്, മുഹമ്മദ് മുസ്തഫ, അഹമ്മദ് ദീദാത്, അബ്ദുൽ അസീസ്, ശാക്കിർ പുല്ലൂർ, നാസർ കണ്ണംകുളം എന്നിവർ പങ്കെടുത്തു.