ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക കാണുന്നില്ല: വില തോന്നിയപോലെ


മലപ്പുറം: ജില്ലയിലെ ഹോട്ടലുകളിലും റസേ്‌റ്റാറന്റുകളിലും വിലവിവരപട്ടിക കാണുന്നില്ല. കോവിഡ്‌ 19 ലോക്‌ഡൗണിന്‌ ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും തോന്നിയപോലെയാണ്‌ വില ഈടാക്കുന്നത്‌. ഭക്ഷണസാധനങ്ങള്‍ക്ക്‌ തോന്നിയ വില ഈടാക്കുന്ന സ്‌ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കൊവിഡിന്‌ മുമ്പ്‌ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിരുന്നു.

2018 ഡിസംബര്‍ 19ന്‌ നടന്ന ജില്ലാ സമിതിയിലെടുത്ത തീരുമാനം ജില്ലാ സിവില്‍ സപ്ലൈസ്‌ ഓഫീസര്‍ കണ്‍വീനറും ലീഗല്‍ മെട്രോളജി, പൊലീസ്‌, ആരോഗ്യം, സെയില്‍ ടാക്‌സ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരും അടങ്ങിയ സമിതി ആദ്യഘട്ടങ്ങളില്‍ ശക്‌തമായി നടപ്പിലാക്കിയിരുന്നെങ്കിലും കൊവിഡ്‌ വന്നതോടെ അവതാളത്തിലായി.

കൊവിഡാനന്തരം അവശ്യ സാധനങ്ങള്‍ക്ക്‌ വില കൂടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ വിലവിവരപ്പട്ടിക എടുത്തുമാറ്റി ഓരോരുത്തരും തോന്നിയ പോലെ വില ഈടാക്കുന്നത്‌. ഹോട്ടലുകള്‍, റെസേ്‌റ്റാറന്റുകള്‍, തട്ടുകടകള്‍ എന്നിവയില്‍ കയറി ഭക്ഷണം കഴിച്ചവര്‍ ബില്ല്‌ കണ്ട്‌ ഞെട്ടുകയാണ്‌. ഭക്ഷണത്തിന്റെ വില പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും ജില്ലയിലെ മിക്ക സ്‌ഥാപനങ്ങളിലും വിലവിവര ബോര്‍ഡുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നില്ല.

കോഴിയിറച്ചി, മീന്‍ എന്നിവയുടെ വിലകളില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ വിലകൂടുമ്പോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ നിരക്ക്‌ പിന്നീട്‌ കുറയ്‌ക്കാറില്ല. ഭക്ഷ്യ സാധനങ്ങളുടെ വില സംബന്ധിച്ച്‌ ഒരു ഏകീകൃത നയം ഉണ്ടാകേണ്ടിയിരിക്കുന്നു.