മകളെ പുഴയിലെറിഞ്ഞ് കൊന്നയാളെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു
കണ്ണൂർ: മകളെ പുഴയിലെറിഞ്ഞ് കൊന്ന പിതാവിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തലശ്ശേരി കുടുംബ കോടതിയിലെ റെക്കോഡ് അറ്റൻഡറായ ഷിജുവിനെതിരെയാണ് നടപടി. ഒന്നര വയസ്സുള്ള മകളെ കൊന്ന കേസിൽ ഷിജു ഇപ്പോൾ റിമാൻഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭാര്യയും മകളുമൊത്ത് ക്ഷേത്രദർശനം നടത്തി തിരിച്ചു സന്ധ്യയോടെ ഷിജു ബൈക്കിൽ പാത്തിപ്പാലം ചെക്ക് ഡാം പരിസരത്തെത്തുകയായിരുന്നു. ബൈക്ക് കുറച്ചകലെ നിർത്തി പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് ചെക്ക്ഡാമിലെത്തി. മകൾ അൻവിതയെയുമെടുത്ത് മുന്നിൽ നടന്ന ഷിജു ഡാമിെൻറ പകുതിയെത്തിയപ്പോൾ മുണ്ടു നേരെ ഉടുക്കാനെന്ന വ്യാജേന കുഞ്ഞിനെ ഭാര്യയുടെ കൈയിൽകൊടുത്തു. ഉടൻ രണ്ടുപേരെയും പുഴയിൽ തള്ളിയിടുകയായിരുന്നു. സോനയുടെ കൈയിൽനിന്ന് തെറിച്ചുവീണ കുഞ്ഞ് ശക്തമായ ഒഴുക്കിൽപെട്ടു.
കൃത്യത്തിനുശേഷം തലശേരിയിലേക്കും പിന്നീട് മാനന്തവാടിയിലേക്കും കടന്ന ഷിജുവിനെ മട്ടന്നൂർ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിെടയാണ് പൊലീസ് പിടികൂടിയത്.
ഭാര്യ സോനയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ പ്രതികാരമായാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു. കുറച്ചു കാലങ്ങളായി കുടുംബത്തോട് തോന്നിയ മാനസിക അകലമാണ് കൊലക്ക് കാരണമെന്നും കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരുന്നു.