പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന് കുടുംബം
കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസികളെ കുറ്റപ്പെടുത്തി കുടുംബം. പിതാവ് ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡനപരാതിക്ക് ശേഷം സമൂഹം ഒറ്റപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീർക്കാൻ പണം വാങ്ങിയെന്ന് പ്രചാരണം നടത്തി. ഇതിൽ കടുത്ത വിഷമത്തിലായിരുന്നു പിതാവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇത്തരം കുപ്രചരണങ്ങൾ പെൺകുട്ടിയുടെ അച്ഛന് ഇത് വലിയ മനോവിഷമമുണ്ടാക്കിയെന്നും നാട്ടുകാരുടെ കളിയാക്കൽ സഹിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യുകയാരിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 74കാരനായ പലചരക്ക് കടയുടമയാണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് യോഗി ദക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായതിന് പിന്നാലെ വീട്ടുകാർ ആരും പുറത്തിറങ്ങിയിരുന്നില്ല.

കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവ് വീട്ടിന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഇയാളെ ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി നാട്ടുകാർ കളിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കേസ് ഒത്തുതീർപ്പാക്കുന്നതിനായി പലചരക്ക് കടക്കാരന്റെ ബന്ധുക്കളോട് പണം വാങ്ങിയെന്ന് പറഞ്ഞു. ഒടുവിൽ നാട്ടുകാരുടെ കുത്ത് വാക്ക് സഹിക്കാനാവാതെ വന്നപ്പോൾ വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ ഇയാൾ ആത്മഹത്യ ചെയ്യുകായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പലചരക്ക് കട നടത്തുന്ന യോഗി ദക്ഷൻ സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും മറ്റും നൽകി.കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് കടുത്ത സമ്മർദ്ദത്തിലും വിഷമത്തിലുമായിരുന്നു.