ജോജുവിന്റെ വാഹനം തകർത്ത കേസ്; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണിയടക്കം എട്ട് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ വൈറ്റില ഭഗത് സിംഗ് നഗറിൽ പേരേപ്പിള്ളി വീട്ടിൽ പി.ജെ. ജോസഫിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കാർ തകർക്കുന്ന ദൃശ്യങ്ങളിൽ ജോസഫിന്റെ മുഖം വ്യക്തമാണ്. അക്രമത്തിനിടെ കൈക്ക് പരിക്കേറ്റ ഇയാൾ ചികിത്സ തേടാതെ വീട്ടിൽ തുടരുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നിന് പൊലീസ് സംഘം വീട്ടിലെത്തിയാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്. ഏഴുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ജോസഫിന്റെ രക്ത പരിശോധനാ ഫലം ഇന്ന് വരും. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി. ഈ തുക കോടതിയിൽ കെട്ടിവച്ചാലേ പുറത്തിറങ്ങാനാകൂ. റോഡ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.