പുതുച്ചേരി സർക്കാരും വാറ്റ് നികുതി കുറച്ചു; മാഹിയിലേക്ക് എണ്ണയടിക്കാൻ വാഹനങ്ങളുടെ ഒഴുക്ക്

കണ്ണൂർ: മാഹിയിൽ ഇന്ധന വില കുറഞ്ഞത് തൊട്ടടുത്ത കണ്ണൂർ, കോഴിക്കോട് ജില്ലക്കാർക്ക് ആശ്വാസകരമായി. കേന്ദ്രസർക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മാഹി മേഖലയിൽ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം മാഹിയിലേക്ക് തലശേരി, വടകര ഭാഗങ്ങളിലേ വാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും മാഹിയിൽ നിർത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.

പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയിൽ ഇന്നത്തെ വില. അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയിൽ ഇപ്പോഴും പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്.ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയിൽ വില കുറച്ചത്. ഇതോടെ ഇവിടെ പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയിലുമെത്തി. കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്. മാഹിയിൽ ഇന്ധന വില കുറഞ്ഞത് വലിയ തോതിൽ ആശ്വാസകരമാണെന്ന് തലശേരിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

അതേ സമയം മാഹിയോടു തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയിലിപ്പോഴും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത് ഇവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പെട്രോളിന് 104 രൂപ 54 പൈസയും ഡീസലിന് 91 രൂപ 80 പൈസയുമാണ് ഇവിടത്തെ വില. കേരളത്തിൽ വില കുറയാത്തതിനാൽ തലശ്ശേരി , വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്. ഇതിനാൽ മാഹിയിലെ പമ്പുകളിൽ വാഹനങ്ങളുടെ തിരക്കും കൂടുകയാണ്.

പുതുച്ചേരി സർക്കാർ ചെയ്തതു പോലെ കേരള സർക്കാരും ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ബിജെപി സർക്കാർ ജനരോഷം ഭയന്ന് ഇന്ധന വില വർധനവ് പിൻവലിക്കാൻ തയ്യാറായെങ്കിലും കേരളത്തിൽ അധികവരുമാനം നഷ്ടപ്പെടുത്താൻ കഴിയില്ലെന്നാണ് ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞത്. ഇതോടെ സാധാരണക്കാർ നിരാശയിലായിട്ടുണ്ട്.

കേരളത്തിൽ എക്സൈസ് നികുതി കുറയ്ക്കില്ലെന്ന എൽ.ഡി. എഫ് സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബി. ജെ.പിയും.