കരിപ്പൂരിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ: 3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.
ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.

ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.
ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എസ്.ശ്രീജു, സുപ്രണ്ടുമാരായ സി.പി.സബീഷ്, ടി.എൻ.വിജയ, എം.ഉമാദേവി, സന്തോഷ് ജോണ്, പ്രേം പ്രകാശ് മീന, ഇൻസ്പെക്ടർമാരായ എൻ.റഹീസ്, കെ.രാജീവ്, ഫസൽ ഗഫൂർ, ശിവകുമാർ, അർജുൻ കൃഷ്ണ, ദുഷ്യനാന്ത്, ഹെഡ് ഹവീൽദാർമാരായ പി.മനോഹരൻ, എൻ.മധുസൂദനൻ നായർ, എ. വിശ്വരാജ്, എസ്.ജമാലുദ്ദീൻ എന്നിവരാണ് പിടികൂടിയത്.