ബാങ്ക് ജീവനക്കാരിയുടെ കഴുത്തിൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളജ് എസ്ബിഐ ശാഖയിലെ ജീവനക്കാരിയെ പണം ആവശ്യപ്പെട്ട് ബ്ലെയ്ഡ് കഴുത്തിന് വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം മൂലേടം കുന്നേൽ വീട്ടിൽ ജേക്കബി(36)നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30 ന് ബാങ്കിൽ വച്ചായിരുന്നു സംഭവം.

ബാങ്കിലെത്തിയെ ജേക്കബ് പുതുതായി അക്കൗണ്ട് തുടങ്ങന്നത് സംബന്ധിച്ചുള്ള വിഭാഗത്തിലെത്തി വിവരങ്ങൾ ആരാഞ്ഞു. തൻ്റെ പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലാണെന്നും അതിനാൽ അമ്മയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും ആവശ്യപ്പെട്ടു. കൂടാതെ എടിഎംൽ നിന്ന് പണം വേണമെന്നും പറഞ്ഞു. ജീവനക്കാരി എടിഎം കാർഡ് പരിശോധിച്ചപ്പോൾ 99 രൂപ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. എന്നാൽ ഇയാൾക്ക് 3000 രൂപ വേണമെന്ന് പറഞ്ഞു. അതിന് സാധിക്കില്ലെന്ന ജീവനക്കാരിയുടെ മറുപടിയിൽ പ്രകോപിതനായ യുവാവ് കൈയ്യിൽ കരുതിയിരുന്ന ബ്ലയ്ഡ് കൊണ്ട് ജീവനക്കാരിയുടെ കഴുത്തിന് നേരേ വീശുകയായിരുന്നു.

സംഭവം കണ്ട് അടുത്തുണ്ടായിരുന്ന ജീവനക്കാരൻ യുവാവിൻ്റെ കൈയ്യിൽ കയറിപ്പിടിച്ചു. പിടിത്തത്തിനിടയിൽ ബ്ലയ്ഡ് കൊണ്ട് യുവാവിൻ്റെ ചുണ്ടും, വിരലും മുറിഞ്ഞു. ഇതിനിടയിൽ, സെക്യൂരിറ്റി ജീവനക്കാരനും, സമീപത്തെ ആംബുലൻസ് സ്റ്റാൻഡിലെ ഡ്രൈവർമാരും ഓടിയെത്തി യുവാവിനെ കീഴ്പ്പെടുത്തി. തുടർന്ന് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ജേക്കബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.