കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. 


ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു. 

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കിയായിരുന്നു ഇരുവരുടെയും മുന്നേറ്റം. 

50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും. 

വാര്‍ണര്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സെടുത്തു. 

ഫൈനലില്‍ രണ്ടാമത് ബാറ്റെടുത്ത ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (5) നഷ്ടമായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. 

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മിച്ചല്‍ മാര്‍ഷ് എത്തിയതോടെ ഓസീസ് ടോപ് ഗിയറില്‍ കുതിക്കാന്‍ തുടങ്ങി. ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. 13-ാം ഓവറില്‍ വാര്‍ണറെ ബോള്‍ട്ട് മടക്കിയെങ്കിലും തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാര്‍ഷിന് ഉറച്ച പിന്തുണ നല്‍കി. മാക്‌സ്‌വെല്‍ 18 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് വില്യംസണ്‍ മറികടന്നത്. സ്റ്റാര്‍ക്ക് എറിഞ്ഞ 11-ാം ഓവറിലെ നാലാം പന്തില്‍ വില്യംസന്റെ ക്യാച്ച് ഹെയ്‌സല്‍വുഡ് നഷ്ടപ്പെടുത്തിയതിന് ഓസീസിന് വലിയ വില നല്‍കേണ്ടി വന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നാലാം ഓവറില്‍ തന്നെ ആദ്യം വിക്കറ്റ് നഷ്ടമായി. സെമി ഫൈനലിലെ വിജയശില്‍പി ഡാരില്‍ മിച്ചലിനെ (11) ജോഷ് ഹെയ്‌സല്‍വുഡ് മാത്യു വെയ്ഡിന്റെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ട്ടിന്‍ ഗുപ്റ്റില്‍ – വില്യംസണ്‍ സഖ്യം 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസ് ഇന്നിങ്‌സ് ട്രാക്കിലാക്കി. 12-ാം ഓവറില്‍ ഗുപ്റ്റിലിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഗുപ്റ്റില്‍ 35 പന്തുകള്‍ നേരിട്ടാണ് 28 റണ്‍സെടുത്തത്. മൂന്ന് ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്പ്‌സിനെ കൂട്ടുപിടിച്ച് വില്യംസണ്‍ കിവീസ് ഇന്നിങ്‌സ് ടോപ് ഗിയറിലാക്കി. 68 റണ്‍സാണ് ഈ കൂട്ടുകെട്ട് കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 18-ാം ഓവറില്‍ 17 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഫിലിപ്പ്‌സിനെ പുറത്താക്കി ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തില്‍ വില്യംസണെ ഹെയ്‌സല്‍വുഡ് സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ജിമ്മി നീഷാം 13 റണ്‍സോടെയും ടിം സെയ്‌ഫെര്‍ട്ട് എട്ടു റണ്‍സോടെയും പുറത്താകാതെ നിന്നു.

ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങിയത്. കിവീസ് നിരയില്‍ പരിക്കേറ്റ ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം ടിം സെയ്‌ഫെര്‍ട്ടിനെ ഉള്‍പ്പെടുത്തി.