Fincat

ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം; പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

എടക്കര: ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂർ അമൃതം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി റെജി ജോസഫ് (അമൃതം റെജി) ആണ് പിടിയിലായത്. പോത്തുകല്ല് പൊലീസ് ഇൻസ്‌പെക്ടർ കെ.ശംഭുനാഥിന്റെ നേതൃത്വത്തിൽ തൃശൂരിൽനിന്നാണു പിടികൂടിയത്.

1 st paragraph

2019 ഓക്ടോബറിലാണ് പ്രതി മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിലെ സുഭാഷ് എന്ന ജൂവലറി ഉടമയെ കബളിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. സുഭാഷ് ആനക്കല്ലിൽ പുതുതായി ആരംഭിച്ച ഡിഎസ് ജൂവലറിയിലേക്ക് ആഭരണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം റെജി ജോസഫ് പണം തട്ടിയത്. ജൂവലറിയുടെ ഉദ്ഘാടന ദിവസവും സ്വർണം എത്താതായതോടെയാണ് പറ്റിക്കപ്പെട്ടന്ന് ജൂവലറി ഉടമയ്ക്ക് മനസിലായത്.

2nd paragraph

തമിഴ്‌നാട്ടിൽ വലിയ വ്യാപാര ബന്ധങ്ങളുണ്ടെന്നും എഡിഎംകെയുടെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററുമാണെന്ന് പരിചയപ്പെടുത്തിയാണ് റെജി സ്വർണ്ണ ഇടപാട് നടത്തിയത്. ഇയാളുടെ ഫേസ്‌ബുക്കിൽ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.റെജി ജോസഫും ഭാര്യയും ഡയറക്ടർമാരായ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് സുഭാഷ് പണം അയച്ചത്. ഇവരുടെ ഡ്രൈവർ ജോൺസനാണ് കമ്പനി അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചത്.

ആദ്യം 20 ലക്ഷവും പിന്നീട് യഥാക്രമം 40, 60, 30, 6 ലക്ഷം വീതവും ബാങ്ക് വഴി അയക്കുകയായിരുന്നു. എന്നാൽ ജൂവലറി ഉദ്ഘാടനം ചെയ്യാനുള്ള ദിവസമെത്തിയിട്ടും ഒരു തരി സ്വർണം പോലും റെജി ജോസഫ് എത്തിച്ചില്ല. തുടർന്ന് സുഭാഷ് പോത്തുകൽ പൊലീസിൽ പരാതി നൽകി. പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകി. ബാങ്കിലെത്തിയ പണം റെജി ജോസഫ് ഡ്രൈവർ ജോൺസനെ ഉപയോഗിച്ചാണ് പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിലെ മൂന്നാം പ്രതി കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി ജോൺസൺ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയും റെജിയുടെ ഭാര്യയുമായ മഞ്ജു ആന്റണി ഒളിവിലാണ്.ഡിഎംകെ കേരള ഘടകം പ്രസിഡന്റ്, ഇന്ത്യ മലേഷ്യ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, യുഎൻ ഗ്ലോബൽ ബിസിനസ് മെംബർ, ജെം ആൻഡ് ജൂവലറി ട്രേഡിങ് കൗൺസിൽ അംഗം തുടങ്ങിയ പദവികളുണ്ടെന്നും ശ്രീലങ്ക, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ ബിസിനസുണ്ടെന്നുമാണ് റെജി ജോസഫ് സുഭാഷിനോടു പറഞ്ഞത്.

വിശ്വാസം നേടാൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖ രാഷ്ട്രീയക്കാർക്ക് ഒപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.