25 സംസ്ഥാനങ്ങൾ ഇന്ധന നികുതിയിനത്തിൽ ഇളവ് നൽകിയിട്ടും കേരളത്തിന് കുലുക്കമില്ല, പട്ടിക പുറത്ത് വിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് നൽകാൻ തയ്യാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ മാസം മൂന്നിന് കേന്ദ്ര നികുതിയിൽ നിന്ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. ഇതിന് ആനുപാതികമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതിയിനത്തിലും കുറവു വന്നിരുന്നു. എന്നാൽ ഇതിനു പുറമേ നികുതിയിനത്തിൽ ഇളവ് നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയാണ് കേന്ദ്രം പുറത്തുവിട്ടത്.

കേരളം ഇതു വരെ പെട്രോളിന്റെ നികുതിയിനത്തിൽ കുറവു വരുത്താൻ തയ്യാറായിട്ടില്ല. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നികുതിയിനത്തിൽ ഇളവ് നൽകിയിട്ടില്ല. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പെട്രോളിന് നികുതി ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷദ്വീപിൽ കേരളത്തിന് വാറ്റ് നികുതി നൽകിയ ശേഷമാണ് പെട്രോൾ വാങ്ങിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

നിലവിൽ ഏറ്റവും കൂടുതൽ നികുതിയിളവ് നൽകിയിട്ടുള്ളത് പഞ്ചാബാണ്. പെട്രോളിന് ലിറ്ററിന് 16.02 രൂപയാണ് ഇവിടെ കുറഞ്ഞിട്ടുള്ളത്. ലഡാക്കിൽ 13.43 രൂപയും കർണാടകയിൽ 13.35 രൂപയും പെട്രോൾ വില കുറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്. 82.96 രൂപയാണ് ഇവിടത്തെ പെട്രോൾ വില. അരുണാചൽ പ്രദേശിൽ ലിറ്ററിന് 92.92 രൂപയ്ക്ക് പെട്രോൾ ലഭിക്കുമെങ്കിൽ ജയ്പൂരിൽ 117.45 രൂപയും മുംബയിൽ 115.85 രൂപയുമാണ് ഇന്ധന വില.