ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കുട്ടിയുടെ ചെരിപ്പും സൈക്കിളും കണ്ടെത്തുകയായിരുന്നു. സംശയം തോന്നി കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ടിരുന്നെന്നും, ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു കുട്ടി എന്നുമാണ് ബന്ധുക്കൾ പറയുന്നത്. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാർ തന്നെ വഴക്ക് പറയുമോ എന്ന പേടിയും ആകാശിന് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.തുടർന്ന് ചൊവ്വാഴ്ച വൈകിട്ടോടെ വീടുവിട്ടിറങ്ങുകയായിരുന്നു.