കെ.പി.എ.സി ലളിതയ്ക്ക് സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരം-മന്ത്രി അബ്ദുറഹ്മാന്‍
തിരുവനന്തപുരം: മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.
കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. അവരെ കൈയ്യൊഴിയാന്‍ സാധിക്കില്ല. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരേയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കള്‍ ഇല്ല. ചികിത്സ നടത്താനുള്ള മാര്‍ഗമൊന്നും അവര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.