യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ് ജീവനക്കാർ

തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ് ജീവനക്കാരായ റിബിന്‍ ബാലനെയും ഷംസീറിനെയും അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് നാട്ടുകാരും ബസ് യാത്രക്കാരും. ചാവക്കാട്ടു നിന്ന് തൃശൂരിലക്ക് സര്‍വീസ് നടത്തുന്ന ജോണീസ് (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി റിബിന്‍ ബാലന്‍ (31), കണ്ടക്ടര്‍ എടക്കഴിയൂര്‍ സ്വദേശി ഷംസീര്‍ (30) എന്നിവരാണ് നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി മാറിയത്.

ബുധനാഴ്ച രാവിലെ 7.10ന് ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ജോണീസ് എന്ന ബസിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യ ട്രിപ്പിനിടെ ബസ് പറപ്പൂരെത്തിയപ്പോഴാണ് യാത്രക്കാരിയായ ചാവക്കാട് സ്വദേശിനിയായ സ്ത്രീയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ കണ്ടക്ടര്‍ ഷംസീറിനോട് വിവരം പറഞ്ഞു. നെഞ്ച് വേദന അനുഭവപ്പെട്ട സ്ത്രീയുടെ സ്ഥിതി മോശമാണെന്ന് മനസിലാക്കിയ ഷംസീര്‍ ഉടനെ അമല ആശുപത്രിയിലേക്ക് ബസ് വിടാന്‍ ഡ്രൈവര്‍ റിബിന്‍ ബാലനോട് പറഞ്ഞു. രാവിലത്തെ ട്രിപ്പായിരുന്നതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മറ്റൊന്നും നോക്കിയില്ല, അമല ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലൻസ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം ബസ് ആശുപത്രിയിലെത്തി. അപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെട്ട സ്ത്രീ, അബോധാവസ്ഥയിലായിരുന്നു.

ഉടൻ തന്നെ രോഗിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖത്തിന്‍റെ തുടക്കമാണെന്ന് ബോധ്യപ്പെടുകയും, ചികിത്സ നൽകുകയും ചെയ്തു. ഇതിനിടെ റിബിനും ഷംസീറും ചേർന്ന് രോഗിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകും അവരെ ആശുപത്രിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് ബസിലെ യാത്രക്കാരുമായി തൃശൂരിലേക്ക് തിരിച്ചത്. തൃശൂർ ശക്തൻ സ്റ്റാൻഡിൽ എത്തിയശേഷം, ആശുപത്രിയിൽ വിളിച്ച് വിവരം അന്വേഷിച്ചു. രോഗി അപകടനില തരണം ചെയ്തെന്ന് മനസിലായതോടെയാണ് റിബിനും ഷംസീറിനും സമാധാനമായത്. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സമയം കളയാതെ ആശുപത്രിയിലെത്തിച്ചതിനാലാണ് യാത്രാക്കാരിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഏതായാലും ഈ ബസിലെ സ്ഥിരം യാത്രക്കാരെല്ലാം റിബിനെയും ഷംസീറിനെയും പ്രശംസിച്ച് രംഗത്തെത്തി. ബസ് ജീവനക്കാർ കാണിച്ച അർപ്പണബോധം കൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായതെന്ന് അവർ പറയുന്നു. ഷംസീര്‍ 12 വര്‍ഷമായും റിബിന്‍ ആറു വര്‍ഷമായും ബസ് ജീവനക്കാരായി ജോലി ചെയ്യുകയാണ്. ഇത്രയും വര്‍ഷത്തെ ജോലിയ്ക്കിടയില്‍ ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്. അതിനാല്‍ ട്രിപ്പ് മുടക്കുന്നതും സാമ്ബത്തിക നഷ്ടവുമൊന്നും നോക്കാന്‍ നിന്നില്ല. ഒരാളുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് ഷംസീറും റിബിനും പറയുന്നു. ഏതായാലും ഇരുവരും സമൂഹമാധ്യമങ്ങളിലും താരമായി മാറിയിട്ടുണ്ട്. ബസിനെ ‘ആംബുലൻസാക്കി’ മാറ്റി യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുള്ളത്.