ബീരാന്‍കുട്ടിയെ കടലില്‍ കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞു


പൊന്നാനി: കഴിഞ്ഞ ഒക്ടോബര്‍ 13 ന് പൊന്നാനിയിലുണ്ടായ ഫൈബര്‍ വള്ളം അപകടത്തില്‍ പെട്ട് കാണാതായ പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞി മരക്കാരകത്ത് ബീരാന്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല.
ബീരാന്‍ കുട്ടിയുടെ ഭാര്യ ബീരാന്‍കുട്ടിയെ കാത്ത് വീട്ടില്‍കാത്തിരിപ്പിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ റഫ്ഖാനയെന്ന ഫൈബര്‍ വള്ളത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ഉടമ കൂടിയായ ബീരാന്‍ കുട്ടിയും അപകട ദിവസം മത്സ്യബന്ധനത്തിനായി പുറപ്പെട്ടിരുന്നു. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകാത്ത വള്ളമുടമ ബീരാന്‍ കുട്ടി തൊഴിലാളികളിലൊരാള്‍ അവധിയായതിനെത്തുടര്‍ന്നായിരുന്നു കടലിലിറങ്ങിയത്.ഏറെ നാളത്തെ വറുതിക്കൊടുവില്‍ ലഭിച്ച മത്സ്യലഭ്യതയറിഞ്ഞ് വലയെറിയാനെത്തിയ ബീരാന്‍ കുട്ടിയെയും, കൂടെയുള്ളവരെയും കാത്തിരുന്നത് ദുരന്ത വിധിയായിരുന്നു.

ഒക്ടോബര്‍ 13 ന് ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവരുടെ വളളം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മന്ദലാംകുന്ന് ഭാഗത്ത് വെച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ബീരാന്‍ കുട്ടിക്ക് പുറമെ വള്ളത്തിലുണ്ടായിരുന്ന മുക്കാടി സ്വദേശികളായ പറമ്പില്‍ ഹംസക്കുട്ടി, ചന്തക്കാരന്റെ ഇബ്രാഹിം, പൊന്നാനി എം.ഇ.എസ് കോളേജ് സ്വദേശി പുത്തംപുരയില്‍ മുഹമ്മദാലി എന്നിവരായിരുന്നു അപകടത്തില്‍ പെട്ടത്.ഹംസക്കുട്ടി പതിനൊന്ന് മണിക്കൂറോളം നീന്തി രക്ഷപ്പെട്ടു. പിന്നീട് ആഴ്ചകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചന്തക്കാരന്റെ ഇബ്രാഹിം, പൊന്നാനി എം.ഇ.എസ് കോളേജ് സ്വദേശി പുത്തംപുരയില്‍ മുഹമ്മദാലി എന്നിവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.സര്‍ക്കാര്‍ സംവിധാനങ്ങളും, മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി കാര്യക്ഷമമായ തെരച്ചില്‍ നടത്തിയെങ്കിലും ബീരാന്‍ കുട്ടിയെ മാത്രം കണ്ടെത്താനായില്ല .ഇതിനിടെ തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബീരാന്‍ കുട്ടിയുടെ മക്കളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാല്‍ ദിക്കറിയാത്ത കടലില്‍പ്പെട്ട ബീരാന്‍ കുട്ടി ഇന്നും എവിടെയെന്നതിന് ഉത്തരമായിട്ടില്ല.ഇതോടെ കണ്ണീര്‍ക്കടല്‍ തോരാതെ പ്രാര്‍ത്ഥനയിലാണ് ഈ കുടുംബം