മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ 500 ​രൂ​പ​ പി​ഴ: കരിപ്പൂർ പാർക്കിങ്​ പ്രതിഷേധം ശക്തമാകുന്നു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ വാഹന പാർക്കിങ്​ പരിഷ്​കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമയ നിർണയം പുനഃപരിശോധിക്കുന്നു. പാർക്കിങ്ങിലെ സമയ നിർണയം പുനഃപരിശോധിക്കുകയാണെന്നും ഉടൻ മാറ്റം വരുത്തുമെന്നും ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചതായി എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി പറഞ്ഞു.

വിഷയത്തിൽ എം.പി വ്യാഴാഴ്​ച വീണ്ടും നടത്തിയ അഭിമുഖത്തിലാണ്​ ഡയറക്​ടർ ഇക്കാര്യം അറിയിച്ചത്​. ഔദ്യോഗികമായി തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്​. അത് പൂർത്തിയാക്കി പാർക്കിങ്​ സമയം ഉടൻ പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം എം.പിയെ അറിയിച്ചു. വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്നുള്ള തീരുമാനപ്രകാരമായിരിക്കും തുടർനടപടികൾ.

രാജ്യവ്യാപകമായി അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിൽ നടത്തിയ പരിഷ്​കാരത്തിന്റെ ഭാഗമായി കരിപ്പൂരിലും ഏർപ്പെടുത്തിയ സംവിധാനത്തിന്​ എതിരെയാണ്​ വ്യാപക വിമർശനം ഉയർന്നത്​. ടെർമിനലിന്​ മുന്നിലെത്തുന്ന സ്വകാര്യ കാറുകൾ മൂന്ന്​ മിനിറ്റിനകം യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യണം. സമയപരിധി അവസാനിച്ചാൽ 500 രൂപയാണ്​ പിഴ ഈടാക്കുന്നത്​.

കൂടാതെ, കരാർ ഏ​റ്റെടുത്ത കമ്പനി ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെയും വ്യാപക വിമർശനമുണ്ട്​. വിഷയത്തിൽ വെള്ളിയാഴ്​ച മലബാർ ​ ഡെവലപ്​​മെൻറ്​ ഫോറം കരിപ്പൂരിലേക്ക്​ പ്രതിഷേധ മാർച്ച്​ സംഘടിപ്പിക്കുന്നുണ്ട്​.

കരിപ്പൂരിലെ കോഴിക്കോട്​ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ‘സർക്കസ്​ പഠിക്കണോ’ എന്ന ചോദ്യമുന്നയിക്കുകയാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ. ​കാരണം മറ്റൊന്നുമല്ല. അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന്​ മിനിറ്റ്​ ആണ്​. അതുകഴിഞ്ഞാൽ ജി.എസ്​.ടി അടക്കം 500 രൂപയാണ്​ പിഴ ഈടാക്കുന്നത്​. എൻട്രി ഗേറ്റിൽ നിന്ന്​ പാസും വാങ്ങി ഡ്രോപിങ്​/പിക്കിങ്​ പോയിന്‍റിലെത്താൻ തന്നെ മൂന്ന്​ മിനിറ്റിലധികം എടുക്കും.

ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന്​ മിനിറ്റ്​ ​കൊണ്ട് വരുന്നവർക്ക്​ വണ്ടിയിൽ കയറണം, പോകുന്നവർക്ക്​ വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന്​ മിനിറ്റിനുള്ളിൽ തന്നെ ലഗേജ്​ കയറ്റുകയും ഇറക്കുകയും ​ വേണം. ഇതിനൊക്കെ സർക്കസുകാരെ പോലെ അസാമാന്യ മെയ്​വഴക്കം വേണമെന്നാണ്​ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്​. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന്​ ചാടിയിറങ്ങുകയോ വേണം. ഇത്​ അപകടവും നിയമവിരുദ്ധവുമല്ലേയെന്നാണ്​ യാത്രക്കാർ ചോദിക്കുന്നത്​.

​മറ്റ്​ വിമാനത്താവളങ്ങളിൽ കൂടുതൽ സമയം


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആദ്യ 10 മിനിറ്റ്​ വരെ പാർക്കിങ് സൗജന്യമാണ്​. അതുകഴിഞ്ഞാൽ ബൈക്കിന്​ 15 രൂപയും നാലുചക്ര വാഹനങ്ങൾക്ക്​ 80 രൂപയും ബസിന്​ 150 രൂപയും നൽകണം. ഒരുദിവസത്തേക്ക്​ പാർക്ക്​ ചെയ്യണമെങ്കിൽ 250 രൂപയാണ്​ ഫീസ്​. തിരുവനന്തപുരം വിമാനത്താവളത്തിൽ​ പി​ക്ക​പ്പ്​ ആ​ൻ​ഡ്​​ ഡ്രോ​പ്പി​നാ​യി ഗേറ്റ്​ ഫീ ഒഴിവാക്കിയിട്ടുണ്ട്​. പാർക്കിങ് ഏരിയയിൽ കയറിയാൽ ആദ്യ 30 മിനിറ്റിന് 45 രൂപ നൽകണം. അതുകഴിഞ്ഞ്​ രണ്ട് മണിക്കൂർ വരെ 150 രൂപയും ഈടാക്കും. കയറുന്നതിനും ഇറങ്ങുന്നതിനും ഫീസ് ഇല്ല. നേരത്തെ ഗേറ്റിൽ ഫീസ് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കി.

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യത്തെ 15 മിനിറ്റ്​ പാർക്കിങ്​ സൗജന്യമാണ്​. അതുകഴിഞ്ഞ്​ രണ്ട്​ മണിക്കൂർ വരെ 70 രൂപ നൽകണം. അതുകഴിഞ്ഞ്​ പാർക്ക്​ ചെയ്യുന്ന ഓരോ മണിക്കൂറിനും 20 രൂപ വീതം ഈടാക്കും. യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക്​ റാപിഡ്​ പി.സി.ആർ പരിശോധന നടത്തുന്നതിന്​ കേരളത്തിലെ വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കുന്നതിലുള്ള പ്രതിഷേധം പ്രവാസികൾ ശക്​തമാക്കുന്നതിനിടെയാണ്​ കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ്​ ഫീസ്​ ഗൾഫ്​ യാത്രക്കാർക്കടക്കം ഇരുട്ടടിയാകുന്നത്​.