ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ.
ആലപ്പുഴ: ചാരുംമൂട് ക്യൂ ഐ ഗ്രൂപ് ഓഫ് കമ്പനിയിൽ ജോലിയും സ്ഥിരവരുമാനവും വാഗ്ദാനം നൽകി പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര ഉമ്പർനാട് മുറിയിൽ മുട്ടത്താൻപറമ്പിൽ സലേഷിനെയാണ് (30) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്യു നെറ്റ് എന്ന പേരിൽ മാർക്കറ്റിങ് ബിസിനസ് നടത്തുകയാണെന്നും അതിൽ പങ്കാളിയാക്കി ഫ്രാഞ്ചൈസി നൽകാമെന്നും നല്ല ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അയൽവാസിയായ തെക്കേക്കര വില്ലേജിൽ ഉമ്പർനാട് മുറിയിൽ മുട്ടത്താൻ പറമ്പിൽ സുജിമോന്റെ ഭാര്യ മഞ്ജുഷയിൽനിന്നും 1,27,000 രൂപ വാങ്ങിയെങ്കിലും ഫ്രാഞ്ചൈസി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് പരാതി നൽകിയിരുന്നു. ഇതിനിടെ, വിലകൂടിയ വജ്രാഭരണം ആണെന്ന് വിശ്വസിപ്പിച്ച് ഫാൻസി കമ്മലുകൾ നൽകി കബളിപ്പിച്ചതായും ഇവരുടെ പരാതിയിലുണ്ട്. പ്രതിക്കെതിരെ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് നൂറനാട് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, കുറത്തികാട് എസ്.ഐ സുനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സതീഷ്, ഗംഗപ്രസാദ് എന്നിവർ നേതൃത്വം നൽകി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
