ആര്‍എസ്എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തമിഴ്‌നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു.  ഇതിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

കൊലപാതകം നടന്ന് മൂന്നാം ദിവസമാണ് പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ പൊള്ളാച്ചി അമ്പ്രാം പാളയത്തിലെത്തിച്ചത്.  രണ്ടു പേരാണ് കാറുമായി വർക്ക് ഷോപ്പിലെത്തിച്ചത്. പൊളിച്ചുമാറ്റുന്നതിനായി എത്തിച്ച  വാഹനത്തിന് ആദ്യം 17,000 രൂപയായിരുന്നു ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 15,000 രൂപയ്ക്കാണ്  കച്ചവടം ഉറപ്പിച്ചതെന്ന് വർക്ക്ഷോപ്പുടമ മുരുകാനന്ദം പറഞ്ഞു.
നവംബർ 22നാണ് വാഹനം പൊളിച്ചു തുടങ്ങിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കാർ പൊളിച്ചു കഴിഞ്ഞിരുന്നു.

പൊളിച്ച കാറിൻ്റെ ഭാഗങ്ങളെല്ലാം പൊലീസ് വർക്ക് ഷോപ്പിൽ നിന്നും കണ്ടെടുത്തു. ഫോറൻസിക് സംഘം പരിശോധന നടത്തി. കാറുമായി വർക്ക്ഷോപ്പിലേക്ക് വന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

കാറിന്റെ നമ്പര്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് കൊല്ലങ്കോടിനടുത്ത് വച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ നിര്‍ണായക തെളിവാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍. അതേ സമയം കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.