മോഫിയയുടെ ആത്മഹത്യയിൽ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ്‌ഐആർ
ആലുവ : നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യ കേസിൽ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ് ഐ ആർ. യുവതിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണെന്ന് എഫ് ഐ ആറിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് മോഫിയയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ഇവിടെ വച്ച് സി ഐ സുധീർ പെൺകുട്ടിയോട് കയർത്ത് സംസാരിച്ചിരുന്നു. ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്.
മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുധീറിനെ തലസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളടക്കം പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് വിവാദ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. സിഐ സുധീറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവുകൾ ഉണ്ടായെന്നാണ് എഫ് ഐ ആറിലെ പരാമർശങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
ഭർത്തൃവീട്ടിലെ പീഡനപ്പരാതിയിൽ ഒരു മാസത്തോളം കേസെടുക്കാതിരിക്കുകയും ഒത്തുതീർപ്പിനെന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു വിടുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽ വച്ച് അവഹേളിച്ചെന്ന് കുറിപ്പെഴുതി വച്ചാണ് എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ വീട്ടിൽ തൂങ്ങിമരിച്ചത്. ആരോപണ വിധേയനായ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസമാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.