ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പൊലീസിന്റെ പിടിയിൽ. നവംബർ 12 ന് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയെ(38) അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണറുടേയും മെഡിക്കൽ കോളേജ് ഇൻസ്പെക്റ്റർ ബെന്നി ലാലുവിൻ്റേയും നേതൃത്വത്തിലാണ് അറസ്റ്റ്. ശ്രീജ മലപ്പുറം എന്ന സ്ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ്, കോഴിക്കോടുള്ള ഹോം നഴ്സ് സ്ഥാപനത്തിൽ ഇവർ ജോലി നേടിയത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിൻ്റെ പണവും സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.

കവർച്ച നടത്തിയതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സൈബർസെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ചുമാണ് പിടികൂടിയത്. അറസ്റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.

മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ ഏ രമേഷ് കുമാർ, ടിവി. ദീപ്തി, കെഎ അജിത് കുമാർ, അസി. സബ് ഇൻസ്പെക്റ്റർ ബൈജു ടി, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസർമാരായ നജ്മ, രൂപേഷ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.