കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ തെന്നിവീണു.

ന്യൂഡൽഹി: കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ തെന്നിവീണ് പരിക്കേറ്റു. മല്ലികാർജുർ ഖാർഗെയുടെ ഓഫിസിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പാർലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതൽ പരിശോധനകൾക്കായി മാറ്റി. രാജ്യസഭയിൽ 12 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാർജുൻ ഖാർഗെയും ഓഫിസിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചേർന്നത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പടെ 12 പേരെ സസ്പെൻഡ് ചെയ്ത നടപടി ചർച്ച ചെയ്യാനാണ് പ്രതിപക്ഷ യോഗം ചേർന്നത്. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാർട്ടികൾ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.