സൈജു കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് കറിവെച്ചു; ഡി ജെ പാർട്ടികളിൽ എംഡിഎംഎ എത്തിച്ചു നൽകി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

.

അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ആരോപണമുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആരാണ് ഇയാൾക്കൊപ്പം വേട്ടയ്ക്ക് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മാരാരിക്കുളത്തും മുന്നാറിലും കൊച്ചിയിലും നടന്ന പാർട്ടിയിൽ എംഡിഎംഎ വിതരണം ചെയ്തെന്നും പൊലീസ് പറയുന്നു. മൂന്നാറിലെ ഡിജെ പാർട്ടിയിൽ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂന്നാറിൽ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മൂന്നാറിൽ വിതരണം ചെയ്ത മയക്കമുരുന്നിനെകുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും റിമാന്റ് റിപ്പോര്ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സൈജുവിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് സൈജുവിനെതിരെ കൂടുതൽ കാര്യങ്ങൾ പൊലീസ് പറയുന്നത്. ഈവർഷം ജൂലൈ 26ന് ഒരു സ്ത്രിയുമായി നടത്തിയ ചാറ്റിൽ മൂന്നാറിൽ വച്ച് ഒരു കാട്ടുപോത്തിനെ കൊന്ന് കഴിച്ചത് ചാറ്റിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞവർഷം ജൂലൈയിൽ മറ്റൊരു സുഹൃത്തുമായി നടത്തിയ ചാറ്റിൽ മാരാരിക്കുളത്ത് നടത്തിയ പാർട്ടിയിൽ ലഹരിമരുന്ന് എത്തിക്കാമെന്ന് പറയുന്നുണ്ട്. ഇതിന് പിന്നാലെ ഗോവ, കാക്കനാട്, കൊച്ചിയിലെ ഫ്ലാറ്റുകളിൽ വച്ച് എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇക്കാര്യം സമ്മതിച്ചതിനാൽ ആയതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.

സൈജുവിന് മയക്കുമരുന്ന കച്ചവടം നടത്തുന്നവരുമായി ബന്ധം ഉള്ളതിനാൽ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും കച്ചവടത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയേണ്ടതായും ഈ കേസിൽ സംഭവിച്ചതുപോലെ ദാരുണമരണങ്ങൾ ഇനിയും ഉണ്ടാകുന്നത് തടയുന്നതാനായി ഇയാളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് പറയുന്നു.

എറണാകുളം വൈറ്റിലയിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ മരിച്ചത്. ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നതുകൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് ഇന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

പെൺകുട്ടികൾ സഞ്ചരിച്ച വാഹനം സൈജു കാറിൽ പിന്തുടർന്നു. ഇതോടെ ഇവർ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്‌മാൻ വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി അബ്ദുൾ റഹ്‌മാൻ വാഹനം വേഗതയിൽ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട രാത്രി ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും മരിച്ച യുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വെച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൈജു തങ്കച്ചൻ ലഹരിക്ക് അടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. പല ഡിജെ പാർട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു.