കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഇത്തവണ ഒളിപ്പിച്ചത് ട്രോളി ബാഗില്‍

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ശരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരിൽ നിന്നാണ് 3.9 കിലോഗ്രാം സ്വർണം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻറലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

യാത്രക്കാർ ഉപയോഗിക്കുന്ന ട്രോളി ബാഗിന്റെ ഹാൻഡിൽ കട്ടിയുള്ള പൈപ്പിൽ സ്വർണ്ണം രഹസ്യമായി ഒളിപ്പിച്ചുവെച്ച കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം ആണ് ഈ അടുത്ത കാലത്തായി പിടികൂടിയത്. ഇതിന് പുറമേ എയർ ഇന്ത്യ ജീവനക്കാരിയെയും സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണകള്ളകടത്ത് തടയിടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന ഊർജിതമാക്കിയിട്ടും അനധികൃത സ്വർണ്ണക്കള്ളക്കടത്ത് തടയിടാൻ സാധിക്കുന്നില്ല. വ്യത്യസ്തമായ വഴികളിലൂടെയാണ് ഓരോ തവണയും സ്വര്‍ണക്കടത്ത് നടത്തുന്നത്. അതേസമയം പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1.9 കോടിയോളം വിലവരും എന്ന് എയർ ഇന്റലിൻജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടിഎയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സബീഷ് സി പി ,സന്തോഷ് ജോൺ , എം ഉമാദേവി ഇൻസ്പെക്ടർമാരായ വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേശ് മിർദ, റഹീസ് എൻ, ചേതൻ ഗുപ്ത ,അർജുൻ കൃഷ്ണ ,പ്രിയ കെ കെ, പോരുഷ് റോയൽ, ഹെഡ് ഹവിൽദാർമാർ ജമാലുദ്ദീൻ ,വിശ്വരാജ് എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.