പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് ജലീല്‍; ബോധവത്കരണം നടത്തുമെന്ന് സമസ്ത
മലപ്പുറം: പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ. സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടി ആണ്, മത സംഘടന അല്ലെന്നും ജലീൽ പറഞ്ഞു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സമൂഹത്തിന്‍റെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവസരം നൽകരുത്. പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ മുസ്‍ലിം ലീഗ് ദുഷ്പ്രചരണം നടത്തുന്നുവെന്ന് ഐ.എ.ന്‍എല്‍ ആരോപിച്ചു. സർക്കാർ നടപടി മുസ്‍ലിം വിരുദ്ധമാണെന്ന് ലീഗ് വരുത്തിത്തീർക്കുകയാണ്. ആരാധനാലയത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

അതേസമയം വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് സമസ്ത അറിയിച്ചു. പള്ളികളിൽ പറയുന്നത് രാഷ്ട്രീയ വിഷയമല്ല മത വിഷയമാണ്. ഇന്നലെ ചേർന്ന മുസ്‍ലിം സംഘടനകളുടെ യോഗത്തിലാണ് പള്ളികളില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്.