ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറണം : കെ സുധാകരന്‍ എംപി

തിരൂർ: ഗാന്ധിജിയുടേയും കോൺഗ്രസിന്‍റേയും മൂല്യം വരും തലമുറക്ക് കൈമാറാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് കെ പി സി സി -പ്രസിഡന്‍റ് കെ.സുധാകരൻ. കെപിസിസി – ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിയൻ പുരസ്കാരം മുതിർന്ന നേതാവ് സി ഹരിദാസന് സമർപ്പിച്ച് തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്‍റെ മൂല്യം തിരിച്ചറിയുന്നവർക്ക് പാർട്ടിയെ തകർക്കാനാവില്ലെന്നും, കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ മൂല്യം വരും തലമുറക്ക് കൈമാറാൻ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്‍റെ കെ.സുധാകരൻ പറഞ്ഞു.
ഇന്ത്യയിൽ കോൺഗ്രസ് ദുർബലമായിട്ടില്ല. പ്രവർത്തകർ മാത്രമാണ് ദുർബലമായിട്ടുള്ളത്. പ്രവർത്തനങ്ങളിലൂടെ ഗാന്ധിയൻ സിദ്ദാന്തം ജനങ്ങളിലേക്കെത്തിക്കാൻ കഴിയണം. ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ നിന്നും കോൺഗ്രസിനും ഗാന്ധിജിക്കും സ്ഥാനമില്ലാതാക്കിയെന്നും കെ. സുധാകരൻ പറഞ്ഞു.

കെപിസിസി -ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിയൻ പുരസ്കാരം മുതിർന്ന നേതാവും – മുൻ എംപിയും എംഎൽഎ യുമായിരുന്ന സി ഹരിദാസന് കെപിസിസി പ്രസിഡന്‍റ് സമ്മാനിച്ചു. ഗാന്ധിയൻ പുരസ്കാരം അർഹതയുള്ള കരങ്ങളിലേക്കാണ് എത്തിച്ചേർന്നിട്ടുള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ഗാന്ധിദർശൻ സമിതി പ്രസിഡൻറ് വി.സി കബീർ, ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്, എപി അനിൽകുമാർ എംഎല്‍എ, പിടി അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, അഡ്വ. ജയന്ത്, തുടങ്ങിയവർ സംസാരിച്ചു.