സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല തിരൂര്‍ താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു
വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതിനും വിപണിയിലെ ഇടപെടല്‍ ശക്തമാക്കുന്നതിനുമായുള്ള സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ തിരൂര്‍ താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. തിരൂര്‍ പോരൂര്‍ സ്‌കൂളിന് സമീപം നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി.
സപ്ലൈകോ വില്‍പ്പനശാലകളുടെ പ്രവര്‍ത്തനത്തിനൊപ്പമാണ് സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ (മൊബൈല്‍ മാവേലി സ്റ്റോറുകള്‍) നവംബര്‍ 30 മുതല്‍ 10 ദിവസത്തേയ്ക്ക് പുന:ക്രമീകരിച്ച് സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ എത്തിക്കുന്നത്.
സഞ്ചരിക്കുന്ന വില്‍പ്പനശാല ഇന്നലെ (ഡിസംബര്‍ നാല്) വൈരങ്കോട്, പുല്ലൂര്‍, മുറിവഴീക്കല്‍, പറവണ്ണ, ഉണ്ണ്യാല്‍ പ്രദേശങ്ങളില്‍ എത്തി. ഇന്ന് (ഡിസംബര്‍ അഞ്ച്) കരിങ്കപ്പാറ, മോര്യ -കുന്നുംപുറം, കണ്ണന്തളി, ഒട്ടുംപുറം, പുതിയ കടപ്പുറം എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരും. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോര്‍ജ് കെ.സാമുവല്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ.ദേവദാസന്‍ എന്നിവര്‍ പങ്കെടുത്തു.