മലപ്പുറത്ത് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്! പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗിക വൈകൃതങ്ങൾക്കും ഇരയാക്കിയെന്ന് യുവതി

മലപ്പുറം: കോട്ടയ്ക്കലിൽ നവവരനെ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്. മർദനത്തിനിരയായ യുവാവിനെതിരേ ഭാര്യ രംഗത്തുവന്നു. ഭർത്താവ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവിനെതിരേ പീഡനക്കേസ് നൽകിയിട്ടും കേസ് അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമം എന്നുമാണ് യുവതിയുടെ ആരോപിക്കുന്നത്.

തന്റെ പിതാവ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്തതെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞമാസമാണ് കോട്ടയ്ക്കലിൽ നവവരനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തത്. മുത്തലാഖ് ചൊല്ലാൻ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി.

സംഭവത്തിൽ വധുവിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. എന്നാൽ ഇത് കള്ളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവിൽനിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടിവന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങൾക്കും തന്നെ ഇരയാക്കി. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും ഭർത്താവിനെതിരേ തുടർനടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.

വിവാഹസമയത്ത് 44 പവന്റെ സ്വർണാഭരണങ്ങളാണ് നൽകിയത്. ഇതെല്ലാം ഭർത്താവ് കൈക്കലാക്കി. പിന്നീട് കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് മർദനം പതിവായിരുന്നു. ഇത്തരം സംഭവങ്ങളിൽ പലരും ആത്മഹത്യ ചെയ്യുമ്പോൾ പൊരുതാനാണ് തന്റെ തീരുമാനമെന്നും നീതിക്കായി ഏതറ്റംവരെയും പോകുമെന്നും യുവതി പറഞ്ഞു. മുത്തലാഖ് ചൊല്ലാൻ നിർബന്ധിച്ചെന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നുമുള്ള പരാതി വ്യാജമാണെന്ന് യുവതിയുടെ പിതാവും ആരോപിച്ചു.