ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി തട്ടി പോലീസുകാർക്ക് പരുക്കേറ്റു.


എടപ്പാൾ: മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം മൂന്ന് മണിയോടുകൂടി അണ്ണക്കമ്പാട് – മൂതൂർ റോഡിൽ റേഷൻ കടക്കടുത്താണ് സംഭവം നടന്നത്. അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകെ വന്ന മറ്റൊരു മണൽ ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു.

ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി പിടിയിലായ ലോറിയിലും പോലീസിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. രണ്ടു പോലീസുകാർക്ക് പരുക്കേറ്റു.  ഡ്രൈവർ ഇറങ്ങി ഓടിയതോടെ ലോറി തനിച്ച് മുന്നോട്ടിറങ്ങുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ യുവാവ് ബഹളമുണ്ടാക്കിയതിനാൽ റോഡിലൂടെ വരികയായിരുന്ന മൂന്നു പേർക്ക് ജീവൻ തിരിച്ചു കിട്ടി. ലോറികൾ പോലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണ്ണക്കംപാട് – മൂതൂർ റോഡിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ. പുഴയിൽനിന്ന് അനധികൃതമായി മണൽ നിറച്ച് ലോറി വരുന്നുണ്ടെന്ന വിവരം ലഭിച്ച ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഉദയകുമാർ, ജസ്റ്റിൻരാജ് എന്നിവർ ബൈക്കിലെത്തി ലോറി തടഞ്ഞിട്ടു. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ പിറകിൽ മറ്റൊരു മണൽലോറിയും എത്തി. പൊലീസ് പരിശോധനയാണെന്നു മനസ്സിലാക്കിയ ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് പുറത്തേക്കു ചാടുകയായിരുന്നു. മുന്നോട്ടു കുതിച്ച ലോറിയുടെ വരവുകണ്ട് സമീപത്തുണ്ടായിരുന്ന യുവാവ് ബഹളം വച്ചതോടെ പൊലീസുകാർ ഓടിമാറിയതിനാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്ഐ ഒ.പി.വിജയകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ലോറിയിൽ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടിക്കളഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടമുണ്ടാക്കിയ ലോറിയുടെ മുൻവശം മുന്നിലെ ലോറിയിൽ ഇടിച്ച് തകർന്നിരുന്നു. ക്രെയിൻ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ലോറി സ്റ്റേഷനിലേക്കു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിടിച്ചെടുത്ത മണൽ റവന്യൂ അധികൃതർക്കു കൈമാറും. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.