വിസിമാർ മികച്ചവർ; നയം അറിയാത്തയാളല്ല ഗവർണർ, ചാൻസിലർ സ്ഥാനം മോഹിക്കുന്നില്ല: ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നയം അറിയാത്തയാളല്ല ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളിലും ശാക്‌തീകരണ കാര്യങ്ങളിലും ചില ആശങ്കകൾ ഗവർണർ പ്രകടിപ്പിച്ചു. സർ‌ക്കാരിനും ഗവർണർക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണുള‌ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്:

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രത്യേകം എടുത്തുപറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ അലകും പിടിയും മാറണമെന്നും പരമാവധി യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്നുമാണ് എൽഡിഎഫിന്റെ നയം. ഇതിനുള‌ള നടപടികളാണ് സർക്കാർ കൈക്കൊള‌ളുന്നത്.

കാലാനുസൃതമായ പുരോഗതി പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കുണ്ടായിരുന്നില്ല.വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക്ക് മികവും പശ്ചാത്തല വികസനവും ഉറപ്പാക്കാൻ കഴിഞ്ഞ സർക്കാർ ശ്രദ്ധിച്ചു. ഇനി ശ്രദ്ധിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. സർക്കാർ കർമപരിപാടിയിൽ കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാ‌റ്റും എന്ന് പറഞ്ഞിരുന്നു. ഗവർ‌ണറുടെ നയപ്രസംഗത്തിൽ ഈ മേഖലയിലെ ദൗർ‌ബല്യങ്ങൾ പരിഹരിക്കാനുള‌ള നടപടികളും പറഞ്ഞിരുന്നു. സംസ്ഥാന ബഡ്‌ജറ്റിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എൻഐ‌ആർഎഫ് റാങ്കിംഗിലും, നാക് അക്രഡിറ്റേഷനിലും സംസ്ഥാനത്തെ കോളേജുകൾ മെച്ചപ്പെട്ടിട്ടുണ്ട്. 15 കോളേജുകൾ എ ഗ്രേഡും പത്തെണ്ണം എ പ്ളസ്‌പ്ളസും നേടിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് സർക്കാർ തൃപ്‌തരല്ല, ഇനിയും മെച്ചപ്പെടുത്താനുള‌ള പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. ഇതിനുള‌ള സംവിധാനങ്ങളുണ്ടാകും.

ഗവർണറും സർക്കാരും തമ്മിൽ കത്തിലൂടെയും നേരിട്ടും ആശയവിനിമയം നടത്താറുണ്ട്, ഇത് സ്വാഭാവികമാണ്. ഇതിന് വ്യത്യസ്‌തമായി ചിലത് സംഭവിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. ചാൻസിലർ കൂടിയായ ഗവർണറുടെ ചില പ്രയോഗങ്ങൾ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം മാദ്ധ്യമങ്ങൾ അവതരിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഞാൻ ഇന്ന് ഇക്കാര്യങ്ങൾ പറഞ്ഞത്.

2021 ഡിസംബർ എട്ടിന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗവർണർ ഒരു കത്തയച്ചു. കത്തിലെ വിഷയങ്ങൾ സർക്കാർ ഗൗരവത്തിൽ എടുക്കുകയും സർക്കാരിന്റെ കാഴ്‌ചപ്പാട് അറിയിക്കുകയും ചെയ്‌തു. സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയും ഗവർണറെ കണ്ട് മറുപടി നൽകി. ധനകാര്യ മന്ത്രി പി‌റ്റേന്ന് ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരോടൊപ്പവും ഗവർണറെ കണ്ടു. കണ്ണൂരായതിനാൽ ഞാൻ ഗവർണറെ നേരിൽ കണ്ടില്ല എന്നാൽ ഫോണിൽ വിളിച്ച് സംസാരിച്ചു.

വി.സി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെ‌റ്റാണ്. അതിനൊരു സെർച്ച് കമ്മറ്റിയുണ്ട്. സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ അഭിപ്രായം രേഖപ്പെടുത്താനാകും. സർക്കാർ ചാൻസിലർ സ്ഥാനം ആഗ്രഹിച്ചിട്ടില്ല. നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

മനസാക്ഷിയ്‌ക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. റെസിഡന്റ് പരാമർശം രാഷ്‌ട്രീയമായി നടത്തിയതാണ്. ഗവർണർ തന്നെ നല്ലരീതിയിൽ തുടരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ചാൻസിലർ അധികാരം കവരാൻ ഒരുഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്ന് അറിയിച്ചു. സർ‌വകലാശാല ചാൻസിലർ സ്ഥാനം താൻ മോഹിക്കുന്നില്ല. ഗവർണർ പരസ്യപ്രതികരണം നടത്തിയതുകൊണ്ടാണ് തനിക്ക് ഇതൊക്കെ പറയേണ്ടിവന്നതെന്നും വി.സിമാർ മികച്ചവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.