ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ല; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഭക്ഷ്യ- സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. പരാതികളിൽ വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ക്രിമിനലുകൾക്ക് സഹായകരമാകുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. പോത്തൻകോട്ട് യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

“ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഒന്നിലധികം വാഹനങ്ങളിലാണ് അവർ എത്തിയത്. അക്രമി സംഘം ധൈര്യത്തോടെ കൃത്യം നടത്തി പോകണമെങ്കിൽ നമ്മുടെ നാട്ടിൽ ഇത്തരം ആളുകൾക്ക് പോകാനും വരാനും കഴിയുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇതൊരിക്കലും പാടില്ല. വേണ്ട നടപടികൾ ഉണ്ടാകണം”- മന്ത്രി പറഞ്ഞു.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷാണ് കൊലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘം സുധീഷിനെ ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ഇവർ ആക്രമിച്ചു.

അക്രമിസംഘം സുധീഷിന്റെ ഇടതുകാൽ വെട്ടിയെടുത്ത്,​ ബൈക്കിൽ അരക്കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തിയശേഷം കാൽ റോഡിൽ വലിച്ചെറിയുകയായിരുന്നു. ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കേസിൽ പത്ത് പേർ പിടിയിലായി. പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു.