ഇടമലക്കുടിയിൽ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്തത് ഒരു വോട്ടിന്

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം സ്വന്തമാക്കി ബിജെപിയുടെ ചിന്താമണി കാമരാജ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ചിന്താമണിയുടെ വിജയമാണ് ബിജെപിക്ക് പ്രതീക്ഷയേകുന്നത്. വർഷങ്ങളായി ഇടതുകോട്ടയായിരുന്ന വാർഡാണ് നാലാംക്ലാസ് വിദ്യാഭ്യാസവും കുടിയിലെ സാധാരണ ജോലികളും തൊഴിലുറപ്പ് ജോലിയുമായി കഴിഞ്ഞിരുന്ന ചിന്താമണി സ്വന്തമാക്കിയത്. ഈ അട്ടിമറി വിജയം ഇടമലക്കുടിയിൽ ശക്തിയാർജിക്കുന്ന ബിജെപിക്ക് പ്രതീക്ഷയേകുന്നു. ബിജെപി ബൂത്ത് പ്രസിഡന്റ് കാമരാജിന്റെ ഭാര്യയാണ് ചിന്താമണി. ഇവർക്ക് ഏഴുവയസുകാരൻ ഒരു മകനുമുണ്ട്. ​വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു വോട്ടിനായിരുന്നു ചിന്താമണിയുടെ വിജയം.

പഞ്ചായത്തിലെ 9ാം വാർഡായ വടക്കേ ഇഡലിപ്പാറക്കുടിയിൽ നിന്നാണ് ബിജെപി സ്ഥാനാർഥി ചിന്താമണി കാമരാജ് ഒരു വോട്ടിന് വിജയിച്ചത്. 132 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ ആകെ 92 വോട്ടാണ് (69.69 %) രേഖപ്പെടുത്തിയത്. ചിന്താമണി 39 വോട്ട് നേടിയപ്പോൾ ഇടത് സ്ഥാനാത്ഥി ശ്രീദേവി രാജമുത്തു 38 വോട്ടും യുഡിഎഫ് സ്ഥാനാർഥി ചന്ദ്ര 15 വോട്ടും വീതം നേടി.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആണ് കഴിഞ്ഞ ദിവസം വോട്ടെണ്ണൽ നടന്നത്. 9ാം വാർഡായ വടക്കേ ഇഡലിപ്പാറക്കുടിയിലെ സിപിഎം പ്രതിനിധി മരിച്ചതോടെയാണ് സീറ്റ് ഒഴിവ് വന്നത്. 2010ൽ രൂപികരിച്ച പഞ്ചായത്തിൽ മൂന്ന് തവണയും ഈ വാർഡിൽ നിന്ന് വിജയിച്ചത് സിപിഎം പ്രതിനിധികളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 18 വോട്ടിനാണ് ബിജെപി ഇവിടെ പരാജയപ്പെട്ടത്.

ഇടമലക്കുടി പഞ്ചായത്തിൽ ആകെ 12 സീറ്റുകളാണുള്ളത്. അതിൽ ആറ് സീറ്റിൽ യുഡിഎഫും നാല് സീറ്റിൽ ബിജെപിയും രണ്ട് സീറ്റിൽ എൽഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. 6 സീറ്റുമായി യുഡിഎഫാണ് ഇവിടെ ഭരണം നടത്തുന്നത്. 12 വാർഡുള്ള പഞ്ചായത്തിൽ ബിജെപിക്ക് നിലവിൽ 5 സീറ്റാണുള്ളത്. ഇതിൽ 11ാം വാർഡായ ആണ്ടവൻ കുടിയിലെ പ്രതിനിധിയായ കാമാക്ഷി 3 മാസം മുമ്പ് മരിച്ചിരുന്നു. ഇവിടെ ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 10ാം വാർഡായ തെക്കേ ഇഡലിപ്പാറക്കുടിയിൽ രവികുമാർ, 12ാം വാർഡായ സൊസൈറ്റികുടിയിൽ ശെൽവരാജ്, 13ാം വാർഡായ അമ്പലപ്പാറകുടിയിൽ ഷൺമുഖം എന്നിവരാണ് ബിജെപിയുടെ നിലവിലെ പ്രതിനിധികൾ.