മന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് യൂത്ത്‌ലീഗ് സ്വീകരണം നല്‍കി ഒന്നരവര്‍ഷമായി സൂപ്രണ്ടില്ലാത്ത താലൂക്ക് ആശുപത്രിക്ക് നാഥനായി.

തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്‌ലീഗ് സ്വീകരണം നല്‍കി. ശനിയാഴ്ച്ച ഒന്നരമണിയോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രഭുദാസിനെ യൂത്ത്‌ലീഗ് ബൊക്കയും ലഡുവും നല്‍കിയാണ് സ്വീകരിച്ചത്. താലൂക്ക് ആശുപത്രി സുപ്രണ്ടായി ഇന്നലെ പ്രഭുദാസ് ചുമതലയേറ്റു. താലൂക്ക് ആശുപത്രിയില്‍ ഒന്നര വര്‍ഷത്തോളമായി സുപ്രണ്ടില്ലായിരുന്നു. ആശുപത്രിയിലെ ഏക കണ്ണ് ഡോക്ടറായ നസീമ മുബാറക്കിനായിരുന്നു ഇത് വരെയും സുപ്രണ്ടിന്റെ ചുമതല. ഒന്നര വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനയും നടന്നിയിരുന്നില്ല. പ്രഭുദാസ് ചാര്‍ജ്ജെടുത്തതോടെ ഇതിനെല്ലാം പരിഹാരമാകും.


സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിന്റെ പേരിലാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു സ്ഥലം മാറ്റം.
സര്‍ക്കാരിന്റെ തെറ്റായ നടപടി ചോദ്യം ചെയ്തതിലും ഒന്നര വര്‍ഷമായി സൂപ്രണ്ട് ഇല്ലാതെ താളം തെറ്റിയിരുന്ന ആശുപത്രിയില്‍ സൂപ്രണ്ട് എത്തിയതിലുള്ള സന്തോഷത്തിലുമാണ് ലഡു വിതരണമെന്ന് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.

യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം പ്രസിഡന്റ് പി അലി അക്ബര്‍, ട്രഷറര്‍ അനീസ് കൂരിയാടന്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്്‌ലാം, അയ്യൂബ് തലാപ്പില്‍, അലി കുന്നത്തേരി, അമീര്‍ അബ്ബാസ് കൗണ്‌സിലര്‍മാരായ ജാഫര്‍ കുന്നത്തേരി, അഹമ്മദ് കുട്ടി കക്കടവത്ത് എന്നിവരും സ്വീകരണത്തിന് നേതൃത്വം നല്‍കി.
ആശുപത്രിയിലെ കോവിഡ് ടെസ്റ്റ് പുനരാരംഭിക്കുമെന്നും താലൂക്ക് ആശുപത്രിയുടെ ഉന്നതിക്കും ജനങ്ങള്‍ക്ക് നല്ല ചികിത്സ ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സൂപ്രണ്ടായി ചാര്‍ജെടുത്ത ഡോ: പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചാര്‍ജെടുത്ത ശേഷം സ്റ്റാഫുകളുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ പരിശോധിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.