വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് പെയിന്റ് മാറ്റിയടിച്ച്‌ ഉപയോഗിച്ചത് പോലീസുകാർ; ഒതുക്കിതീർക്കാനുള്ള ശ്രമം പാളി; പിന്നാലെയെത്തി സസ്പെൻഷൻ

വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി. കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.

കര്‍ണാടക സ്വദേശി വിന്‍സെന്റിന്റെ വാഹനമാണ് പൊലീസുകാര്‍ ഉപയോഗിച്ചിരുന്നത്. ഇരുചക്രവാഹനം പെയിന്റ് മാറ്റിയടിച്ച്‌ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച്‌ വരികയായിരുന്നു പൊലീസുകാര്‍. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ താനൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം എസ്‌പി പരിശോധിച്ച ശേഷമാണ് നടപടി. തുടക്കത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ച്‌ വിട്ടതിന് വാര്‍ത്തയ്ക്ക് പിന്നാലെയാണ് മലപ്പുറത്തെ നടപടി.