ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു: മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ (54)ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം മുൻപ് ഫേസ് ബുക്കിലുടെയാണ് പത്മനാഭൻ പരിചയപെടുന്നത്.

നേരത്തെ വിവാഹം കഴിച്ച പ്രതി അത് മറച്ചു വെച്ച് യുവതിയുമായി പ്രണയത്തിലാകുകയും തുടർന്ന് വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പല ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഇതിന് പുറമെ യുവതിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 8,25,000 രൂപ തട്ടിയെടുക്കുകയും , പല തവണകളായി സ്വർണം വാങ്ങി പണയം വെക്കുകയും ചെയ്തിരുന്നെന്നും പറയുന്നു.

ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ കെ എസ് സെൽവ രാജ്, എസ് ഐ മാരായ സിനോജ് എസ്, യാസിർ എ എം, ജി എസ് സി പി ഒ ഗീത എം, സി പി ഒ മാരായ പ്രദീപ്‌ ജെ വി, ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.