ബസ് ചാര്‍ജ് കൂട്ടും, ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. എത്ര രൂപ കൂട്ടണം എന്നതിൽ തുടർ ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോള്‍ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെയാണ് കണ്‍സഷന്‍ നല്‍കുന്നത്. എന്നാൽ റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർത്ഥികൾക്ക് കൺസഷനിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായും ആന്റണി രാജു വ്യക്തമാക്കി. ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും.

രാത്രിയാത്രകള്‍ക്കുള്ള നിരക്ക് വര്‍ധനവും പരിഗണനയിലുണ്ട്. രാത്രികാല യാത്രകള്‍ക്ക് ആള്‍ കുറവായതിനാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സര്‍വ്വീസുകള്‍ക്ക് നിരക്ക് കൂട്ടുന്നത് ആലോചിക്കുന്നത്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തിയെന്നും ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.