കാഴ്ച നഷ്ടപ്പെട്ട മുന്‍ ജീവനക്കാരനെ കൈവിടാതെ എം.എ. യൂസഫലി
കായംകുളം : രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഇത്രയേറെ കരുതല്‍ ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ ഇരുട്ടിലായി എന്ന് അനില്‍ കുമാര്‍ കരുതിപ്പോയ നിമിഷമുണ്ടായിരുന്നു. എന്നാല്‍ എം.എ. യൂസഫലിയും, ലുലു ഗ്രൂപ്പ് മാനെജ്മെന്റും, ജീവനക്കാരും പ്രതീക്ഷയുടെ തിരിനാളമായി മുന്നിലെത്തിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനില്‍.
ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് ആലപ്പുഴ സ്വദേശി അനില്‍ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. കടുത്ത പ്രമേഹരോഗമായിരുന്നു അനില്‍കുമാറിന്റെ ജീവിതത്തില്‍ വില്ലനായത്. ജോലി ചെയ്ത രണ്ട് മാസക്കാലയളവിനിടയില്‍ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേല്‍ക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.
പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സയ്ക്ക് സംവിധാനമൊരുക്കി. ഇൻഷ്വറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ രണ്ട് ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവച്ചു. നാട്ടിലേക്ക് പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോകാനുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനെജ്മെന്റും, ജീവനക്കാരും ചേര്‍ന്ന് നല്കി. രണ്ട് മാസത്തെ അധിക ശമ്പളവും അനിലിന് ഉറപ്പാക്കി. ആകെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനില്‍കുമാറിന്റെ ചികിത്സയ്ക്കുള്‍പ്പെടെ അന്ന് കൈമാറിയിരുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിന് നല്‍കുകയും ചെയ്തു.
ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുന്‍ ജീവനക്കാരന് കരുതലുമായി എം.എ. യൂസഫലി വീണ്ടും എത്തിയത്. അക കണ്ണിന്റെ കാഴ്ചയില്‍ വെളിച്ചമായി എം.എ. യൂസഫലി ഒരിക്കല്‍ കൂടി എത്തി. യൂസഫലിയുടെ നിർദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് അനില്‍ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി.