കോളേജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ (SFI) പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പിന്നില്‍ കെഎസ്‍യു-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയത് എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥാനത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് വിവരം.

കോളേജ് ഗേറ്റിന് പുറത്ത് വച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജലജ പ്രതികരിച്ചു. നെഞ്ചിനാണ് നീജിന് കുത്തേറ്റതെന്നും ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും പറഞ്ഞു.