വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ
പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകനെ പൊലീസ് സഹോദരനെ ക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രൻ -ദേവി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മകൻ സനലിനെ പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ശേഷം ബെംഗളൂരിലേക്ക് പോയ സനലിനെ സഹോദരൻ സുനിലിനെക്കൊണ്ട് പൊലീസ് തന്ത്രപൂർവ്വം വിളിപ്പിയ്ക്കുകയായിരുന്നു. വീട്ടിൽ കയറിയ മോഷ്ടാക്കൾ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നും മരണാനന്തര കർമ്മങ്ങൾക്കായി നാട്ടിലേക്ക് വരണമെന്നും പറഞ്ഞാണ് വിളിപ്പിച്ചത്.
തുടർന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ വീട്ടിലെത്തിയ സനലിന് യാതൊരു ഭാവ വിത്യാസവും ഉണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. സനലിനെ ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
സനൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കളെ കൊലപ്പെടുത്തിയതിന്റെ കാരണവും വ്യക്തമാവേണ്ടതുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ സനൽ ഏറെ നാളായി വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു.
ഇന്നലെ രാവിലെയാണ് പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തുള്ള മകൾ സൗമിനി രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രൻ്റേത് കിടപ്പുമുറിയിലുമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.