മലപ്പുറത്തെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
മലപ്പുറം: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കോട്ടല്‍ പുലിക്കോട് പുന്നക്കോട്ടില്‍ മുഹമ്മദ് സലീമിനെ (37)യാണ് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നുള്ള കോളുകള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് കാള്‍ റൂട്ടിങ് ഡിവൈസ് ഫിറ്റ് ചെയ്ത് നിയമപരമല്ലാത്ത നെറ്റ് വര്‍ക്കുകളിലൂടെ ലോക്കല്‍ കോളുകളാക്കി മാറ്റുകയാണ് ചെയ്തിരുന്നത്.
ഇതിനുവേണ്ടി പാരലല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് സമാന്തര എക്സ്ചേഞ്ച് തന്നെ സ്ഥാപിച്ചു.
കേസിലെ ഒന്നാം പ്രതിയായ കിഴിശേരി വാണിയകോള്‍ വീട്ടില്‍ മിസ്ഹാബി (34)നെ 2021 സെപ്തംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. മിസ്ഹാബിന്റെ കിഴിശേരിയിലെ വീട്ടിലും സമീപത്തെ സഹോദരിയുടെ വീട്ടിലുമായാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ഒന്നാം പ്രതിക്ക് ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചുനല്‍കുകയാണ് മുഹമ്മദ് സലീം ചെയ്തിരുന്നത്. തൃശൂര്‍ കൊരട്ടി സ്റ്റേഷന്‍, ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ സമാന സ്വഭാവമുള്ള കേസുണ്ട്. മലപ്പുറം സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ സി ബിനുകുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒ കെ റിയാസ് ബാബു, സിപിഒ മുഹമ്മദ് ഷൈജല്‍ എന്നിവര്‍ ചേര്‍ന്ന് മലപ്പുറം കോട്ടപ്പടിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.