ഭൂമിക്കും ആധാർ കാർഡ്; അധികഭൂമി കൈവശം വെക്കുന്നവരെയും ഭൂമാഫിയകളെയും നിലയ്ക്കു നിർത്താൻ പുതുവഴി
ന്യൂഡൽഹി: ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്രസർക്കാർ കടന്നിരിക്കുന്നത്.

ഭൂമിയുടെ ആധാർ എന്നാണ് യുഎൽപിഐ നമ്പറിനെ വിശേഷിപ്പിക്കുന്നത്. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയാണ് ലക്ഷ്യം. ഭൂരേഖകൾ ഡിജിറ്റലാക്കുന്നതിലും ഇത് ഉപകരിക്കും. ഭൂമാഫിയകളെ തടയിടാനും നിലവിൽ കൈവശം വെക്കാവുന്നതിൽ അധികപരിധിയിൽ ഭൂമി കൈവശം വെക്കുന്നവരെയും എളുപ്പത്തിൽ തിരിച്ചറിയാനും പുതിയ മാർഗ്ഗത്തിലൂടെ സാധിക്കും.

പ്രാദേശിക ഭാഷകളിൽ ഭൂവിവരങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമെന്നും ബജറ്റ് പറയുന്നു. ഒരാൾക്കു സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേർ നൽകുന്ന ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ പദ്ധതി നടപടികൾ കേരളത്തിൽ നടക്കുന്നുണ്ട്. എന്നാൽ, യുഎൽപിഐഎൻ ഓരോ ഭൂമിക്കും വ്യത്യസ്തമായിരിക്കും. ഇതിനു പുറമേ ഒരു രാജ്യം, ഒരു റജിസ്‌ട്രേഷൻ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ റജിസ്‌ട്രേഷൻ പ്രക്രിയ ഏകീകരിക്കാനും നിർദേശമുണ്ട്.

ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന കേന്ദ്ര പദ്ധതി കുറച്ചുകാലമായി തന്നെ തുടങ്ങിയതാണ്. സർവേ ഓഫ് വില്ലേജസ് ആൻഡ് മാപ്പിങ് വിത്ത് ഇംപ്രൊവൈസ്ഡ് ടെക്നോളജി ഇൻ വില്ലേജ് ഏരിയാസ്(SVAMITVA) എന്നതാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇതു പ്രകാരം ബാങ്കിൽ പണയം വെക്കുവാൻ പര്യാപ്തമായ രീതിയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഡിജിറ്റൽ രേഖ മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നടപ്പിൽ വരുത്തിയിട്ടുണ്ട്.

പദ്ധതിയിലൂടെ ഒരോരുത്തരുടേയും കൈവശമുള്ള ഭൂമിയുടെ വിസ്തീർണ്ണം, പ്ലാൻ മുതലായവ അടങ്ങുന്ന രേഖകൾ ആധാർ കാർഡിൽ എന്നതു പോലെ ലഭിക്കും. എന്നാൽ പതിവുപോലെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും അതേപടി നടപ്പാക്കാതെ ആ ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ തനതായ പദ്ധതിയെന്ന് പ്രചരിപ്പിച്ച് ഡിജിറ്റൽ സർവേ നടത്തുവെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
1930നോടടുപ്പിച്ച് രാജ ഭരണ കാലത്ത് തയ്യാറാക്കിയ ഭൂരേഖ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും റവന്യൂ നടപടി ക്രമങ്ങൾ നടത്തുന്നത്. 90 വർഷം മുൻപ് തയ്യാറാക്കിയ ആ രേഖയിൽ ചേർത്തിരിക്കുന്ന ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിനു വേണ്ടി അടിസ്ഥാന വിലയുടെ 30 ശതമാനത്തോളം തുക സർക്കാരിൽ അടച്ച ശേഷം മാസങ്ങളോളം റവന്യൂ ഓഫീസുകളിൽ ചുറ്റിത്തിരിയേണ്ട ഗതികേടിലാണ് ഭൂ ഉടമകൾ. ഇത്തരം സങ്കേതിക പ്രശ്‌നങ്ങൾ കൂടി പരിഹരിക്കപ്പെടാൻ പുതിയ വഴി കൊണ്ട് സാധിക്കും.
50 വർഷം മുൻപ് ആരംഭിച്ച റീ-സർവേ നടപടികൾ ഇപ്പോഴും പകുതി വില്ലേജുകളിൽ പോലും പൂർത്തിയായിട്ടില്ല. ഇരുപത് വർഷം മുൻപ് ഭൂമി അളന്ന് രേഖയുണ്ടാക്കുവാൻ കേന്ദ്രം അനുവദിച്ച ഫണ്ടുപയോഗിച്ച് തമിഴ്‌നാടും കർണാടകയുമെല്ലാം വിനിയോഗിച്ചപ്പോൾ കേരളം അതും നടപ്പാക്കിയില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി നടപ്പാക്കിയാൽ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന പതിനായിരക്കണക്കിന് വ്യവഹാരങ്ങളിൽ തീരുമാനമെടുക്കുവാൻ കഴിയുമെന്നതിനു പുറമെ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയുടെ പഴുതടയ്ക്കുവാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.