യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.
തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയർഇന്ത്യാവിമാനത്തിൽ കേരളത്തിലേക്ക് അയക്കും.14 വിദ്യാർത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാദൌത്യത്തിലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനിലെ സ്ഥിതി ഗതികൾ തുടര്‍ന്നും രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങൾ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം. 16000 ഇന്ത്യക്കാരാണ് ഇനി യുക്രൈനില്‍ നിന്ന് തിരിച്ചെത്താനുള്ളത്.
അതേസമയം യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.