നടൻ സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും നാളെ വിവാഹിതരാകും
തൃക്കാക്കര: മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും ഡോ. അമൃത എ. ദാസും നാളെ വിവാഹിതരാകും. തിരുവനന്തപുരം സ്വദേശിയും വിദേശമലയാളിയുമായ അമലാദാസ് ലീമ ദാസ് ജാക്ക്ലിൻ ദമ്പതികളുടെ മകളാണ് എറണാകുളം ഇടപ്പള്ളി കിൻഡർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ അമൃത എ. ദാസ്. ഒരു വർഷം മുമ്പൊരു വിവാഹച്ചടങ്ങിൽ വച്ച് പരിചയപ്പെട്ട ഇവർ പ്രണയത്തിലാവുകയായിരുന്നു.
വിവാഹം കാക്കനാട് പടമുകളിലെ സിദ്ദിഖിന്റെ വീട്ടിൽ ലളിതമായി നടക്കും. മതപരമായ ചടങ്ങുകളില്ല. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യും. ഇരുകുടുംബങ്ങളുടെയും ബന്ധുക്കൾ മാത്രം പങ്കെടുക്കും. ഫെബ്രുവരി 22 ന് എറണാകുളത്തെ ഒരു റിസോർട്ടിലായിരുന്നു നിശ്ചയം. മമ്മൂട്ടി നായകനായി പ്രവാസികളുടെ ജീവിതകഥ പറഞ്ഞ ‘പത്തേമാരി’യാണ് ഷഹീന്റെ കന്നിച്ചിത്രം. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.