അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തി; യുവതിക്ക് നേരെ ക്രൂര മർദനം.
കൊരട്ടി: അങ്കമാലിയിൽ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂര മർദനം. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്ത് സത്യവാനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മായി അമ്മയുടെ ആൺസുഹൃത്തുമായുള്ള ബന്ധം മകനും ഭാര്യയും ചോദ്യം ചെയ്തിരുന്നു. ഇത് അറിയാതിരിക്കാൻ വേണ്ടി വിവാഹം കഴിഞ്ഞത് മുതൽ ഇവർ തന്നെ മർദിച്ചു കൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് ജോലിക്ക് പോയാൽ അമ്മായി അമ്മ വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നുവെന്നും ഭക്ഷണം പോലും നൽകാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയിലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആൺസുഹൃത്തും വാതിൽ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മർദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം.
നേരത്തെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയും ഭർത്താവും നൽകിയ പരാതിയിൽ അമ്മായിമ്മയ്ക്കും ഇവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പോലീസ് പറഞ്ഞു. പട്ടിക വെച്ച് അമ്മായി അമ്മയും സഹോദരനും വൈഷ്ണവിയെ മർദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. കേസിൽ സഹോദരൻ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.
ശേഷം അമ്മായി അമ്മ നൽകിയ കൗണ്ടർ പരാതിയിൽ വൈഷ്ണവിയുടെ അച്ഛനേയും വൈഷ്ണവിയേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പോലീസ് പറഞ്ഞു. മർദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ അച്ഛനെതിരെ അമ്മായി അമ്മ നൽകിയ കേസ് വ്യാജമാണെന്നും സമാന രീതിയിൽ അയൽവാസിക്കും അമ്മായി അമ്മ കേസ് നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആൺസുഹൃത്ത് മതിൽ ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലായിരുന്നു അന്ന് അയൽവാസിക്കെതിരെ പീഡനകേസ് നൽകിയതെന്നാണ് യുവതി പറയുന്നത്.