എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും


എടവണ്ണക്കടവ് സീതി ഹാജി പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ 25 ദിവസത്തേക്ക് എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍- അരീക്കോട് ഭാഗത്തേക്കുള്ള വാഹനഗതാഗതം നിരോധിക്കും. എടവണ്ണയില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എടവണ്ണ-പന്നിപ്പാറ-അരീക്കോട് വഴിയും നിലമ്പൂരില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മമ്പാട്-ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയോ തിരിച്ചും കടന്നു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈ മാസം പതിനാലാം തീയതി മുതല്‍ അടച്ചിടും. എംഎല്‍എയുടെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാല്‍നട മാത്രമായിരിക്കും പാലത്തിലൂടെ അനുവദിക്കുക. 25 ദിവസത്തേക്കാണ് പാലം പൂര്‍ണമായും അടയ്ക്കുക. പൊലീസിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

2019 ലെ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച എടവണ്ണ സീതിഹാജി പാലത്തിന്റെ സ്ലാബുകള്‍ നീങ്ങിയ നിലയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ്, ഏറനാട് തഹസില്‍ദാര്‍ ടി.വി വിജയന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രാമകൃഷ്ണന്‍, എടവണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ മജീദ്, ടി.കെ സമീര്‍ബാബു, എം.ജാഫര്‍ മറ്റു വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.