അധ്യാപകര്‍ തലമുണ്ഡനം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പഴനിക്ക് പോകാന്‍ കെ ടി ജലീലിന്റെ പരിഹാസം
അധ്യാപകര്‍
തിരുവനന്തപുരം: കെ ടി ജലീല്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പി സ്‌ക്കൂള്‍ അധ്യാപകര്‍. തലമുണ്ഡലം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന മറുപടിയാണ് കെടി ജലീല്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ അധ്യാപക ഒഴിവിന് ആനുപാതികമായി ഷോര്‍ട്ട് ലിസ്റ്റ് വിപുലീകരിക്കണമെന്ന് അധ്യാപക ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ഇന്ന് 95 ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എംഎല്‍എയെ കണ്ടിരുന്നു. എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി തീര്‍ത്തും അപമാനകരമാണെന്നും ഒരു സ്ത്രീയെ അപമാനിക്കുന്നതിന് അപ്പുറമാണ് കെടി ജലീലിന്റെ പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി.
‘ഈ അപമാനം ഞങ്ങളൊരിക്കലും സഹിക്കില്ല. സര്‍ക്കാര്‍ ഇതിനെല്ലാം മറുപടി പറഞ്ഞേ മതിയാവൂ. വനിതാ സംഘടനകളും അധ്യാപക സംഘനകളും ഇവിടെ ഉണ്ട്. തലമുണ്ഡലം ചെയ്യുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിങ്ങള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന് കെടി ജലീല്‍ എംഎല്‍എ പരിഹസിച്ചു. ഇതിനെല്ലാം പിഎസ്‌സിയും സര്‍ക്കാരും മറുപടി പറയണം. ഞങ്ങള്‍ അധ്യാപക യോഗ്യതകള്‍ നേടിയവരാണ്. തടസമുറകളെ മാറ്റിയെടുക്കുന്നവരാണ്. മലപ്പുറത്തിന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്.’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.
മുഖ്യമന്ത്രിയോട് സമരത്തെകുറിച്ച് സംസാരിച്ചപ്പോള്‍ നിങ്ങള്‍ സമരം ചെയ്‌തോളു, അത് അവകാശമാണെന്നാന്നായിരുന്നു മറുപടി. മറ്റൊരു എംഎല്‍എയെ കണ്ടപ്പോള്‍ നിങ്ങളോട് സമരത്തിനിറങ്ങാന്‍ ആരാണ് പറഞ്ഞത് എന്നാണ് ചോദിച്ചത്. ഞങ്ങള്‍ കുറേ സമരം കണ്ടവരാണെന്നും അദ്ദേഹം പറഞ്ഞതായി സമരക്കാര്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
പിഎസ്സി പ്രസിദ്ധീകരിച്ച എല്‍പി സ്‌കൂള്‍ ടീച്ചര്‍ മുഖ്യപട്ടിക അപാകതകള്‍ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം ഇന്നേക്ക് 95 ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 93 ദിവസം മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറത്ത് എല്‍പി സ്‌കൂള്‍ ടീച്ചര്‍ മുഖ്യപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണ് ആരോപണം.പരീക്ഷ തീയതി വരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണവും മുന്‍ ലിസ്റ്റിലെ നിയമന ശുപാര്‍ശയുടെ ഒരു വര്‍ഷത്തെ ശരാശരി എണ്ണവും കണക്കാക്കി ഏതാണോ വലുത് അതിന്റെ മൂന്നിരട്ടിയെങ്കിലും ചുരുങ്ങിയത് മുഖ്യപട്ടികയില്‍ സര്‍ക്കുലര്‍ പ്രകാരം ഉള്‍പ്പെടുത്തണം പരീക്ഷാ തീയതി വരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം 398 ഉം, മുന്‍ ലിസ്റ്റിലെ നിയമന ശുപാര്‍ശയുടെ ഒരു വര്‍ഷത്തെ ശരാശരി എണ്ണം 1181 ആണ്. ഇതുപ്രകാരം 3543 പേരെയാണ് മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. പക്ഷേ വെറും 997
പേരുടെ മുഖ്യ പട്ടികയാണ് പിഎസ്സി പ്രസിദ്ധീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ആദ്യദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം 15 ഓളം വിദ്യാര്‍ഥികള്‍ മുട്ടിലിഴയല്‍ സമരം നടത്തി. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണവും നടത്തി. സമരത്തിനിടെ ആരോഗ്യനില മോശമായ ആറ് പേരെ ആശുപത്രിയിലേക്ക് പൊലീസിന്റെ സഹായത്തോടെ മാറ്റിയിരുന്നു. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ന് വനിത ഉദ്യോഗാര്‍ത്ഥികള്‍ തല മുണ്ഡനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.