യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്; കെ റെയില്‍ സമരക്കാര്‍ക്കെതിരെ അതിക്രമം
കോട്ടയം: കോട്ടയത്ത് കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. ചങ്ങനാശ്ശേരി മാടപ്പള്ളിയാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കി അറസ്റ്റ് ചെയ്യുകയാണ്. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കുന്നത്. ചെറിയ കുട്ടികളും പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കൊപ്പമുണ്ട്. സ്ത്രീയെ പൊലീസ് വലിച്ചിഴക്കുമ്പോള്‍ ചെറിയ മകന്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അതിദാരുണമാണ്.
മുണ്ടുകുഴിയിലും വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. കെ റെയിലിനെതിരെ വലിയൊരു ജനവിഭാഗം മുദ്യാവാക്യങ്ങളുമായി തെരുവിലിറങ്ങി.മുണ്ടുകുഴിയില്‍ സില്‍വര്‍ ലൈനെതിരെ സമരസമിതി മനുഷ്യമതില്‍ തീര്‍ത്തു. മണ്ണെണ്ണ നിറച്ച കുപ്പികളുമായി സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടീലിനെത്തിയ വാഹനത്തിന്റെ ചില്ല് അടിച്ചു പ്രതിഷേധക്കാര്‍ തകര്‍ത്തു. പ്രതിഷേധത്തെ തുടര്‍ന്ന് വാഹനം തിരികെ പോവുകയായിരുന്നു. കൂകി വിളികളോടെയാണ് വാഹനം തിരിച്ചയച്ചത്.
ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മേഖലകളിലേയ്‌ക്കെല്ലാം സമരം വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ നീക്കം.