തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്

തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്

തിരൂര്‍ നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി അവതരിപ്പിച്ചു. തിരൂര്‍ സ്റ്റേഡിയം നവീകരണത്തിന് നഗരസഭ തന്നെ പദ്ധതി തയ്യാറാക്കും. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ആശയവുമായി ‘അമൃത്’ പദ്ധതി, മാര്‍ക്കറ്റ് സമുച്ചയ നിര്‍മാണം, ആധുനിക അറവുശാല, തുഞ്ചന്‍ പറമ്പിന് സമീപം ആധുനിക ടര്‍ഫ്, പുതിയ മുനിസിപ്പല്‍ ഓഫീസ് കോംപ്ലക്സ് നിര്‍മാണം, നഗരസൗന്ദര്യ വല്‍ക്കരണം, തുഞ്ചന്‍ പറമ്പ് റോഡ് അക്ഷര നഗരിയായി സജ്ജമാക്കല്‍, നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, പട്ടിക ജാതി കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊഴിലിനായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, ആവശ്യമായ സ്ഥലങ്ങളില്‍ മിനി വാട്ടര്‍ സപ്ലൈ സ്‌കീമുകളുടെ നിര്‍മാണം, തിരൂര്‍ പുഴ സംരഷണത്തിന്റെ ഭാഗമായുള്ള കടവുകളുടെ നിര്‍മാണം, അല്ലാമാ ഇഖ്ബാല്‍ സ്മാരക ലൈബ്രറിയുടെ ആധുനികവത്ക്കരണം, വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍ പരിസരത്ത് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് സംവിധാനം ഒരുക്കല്‍, ഓട്ടോറിക്ഷ ഷെല്‍റ്ററുകളുടെ നിര്‍മാണം, കളിപ്പൊയ്ക ടൂറിസ്റ്റ് കേന്ദ്രമാക്കല്‍, ഇ.എം.എസ് പാര്‍ക്ക് ആധുനിക വല്‍ക്കരണം, ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്ളത്. 59.49 കോടി വരവും 51.88 കോടി ചെലവും 7.60 കോടി മിച്ചവും കാണിക്കുന്നതാണ് ബജറ്റ്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ എ.പി നസീമ അധ്യക്ഷയായി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി. ബിജിത ബജറ്റിനെ പിന്താങ്ങി. ഇന്ന് (മാര്‍ച്ച് 26 ന്) ബജറ്റ് ചര്‍ച്ച നടക്കും.