നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റ് ചെയ്തു
ബംഗളുരു: കർണാടകത്തിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് നീന്തൽ താരങ്ങളെ അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. യുവതി നൽകിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് യുവതി.

ഡേറ്റിങ് ആപ്പ് വഴിയുണ്ടായ പരിചയമാണ് യുവതിയെ കുഴപ്പത്തിൽ ചാടിച്ചത്. സംസ്ഥാന, ദേശീയ തലത്തിൽ മികവ് തെളിയിച്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ പരിശീലനത്തിന് എത്തിയ ഡൽഹി ഹരിയാന സ്വദേശികളായ ദേവ് സരോഹ, രജത്ത്, ശിവ് റാണ, യോഗേഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് പിടിയിലായ ശിവ് റാണ, രജത്ത് എന്നിവർ സംസ്ഥാന തല മത്സരങ്ങളിൽ മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഹരിയാനക്കായി ദേശീയ ചാംപ്യൻ ഷിപ്പിൽ ഉൾപ്പെടെ മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളവരാണ് ഇവർ. ദേശീയ ടീമിലേക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവർ ബംഗളുരുവിലെത്തിയത്.
പ്രതികളിലൊരാളായ രജത് യുവതിയുമായി ഡേറ്റിങ് ആപിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാർച് 24 ന് 22 കാരിയായ യുവതിയെ രജത് ഡിന്നറിന് വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന നാലുപേരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.